തിരുവനന്തപുരം: കരിമണൽ കൊള്ളയ്ക്ക് വഴി തുറന്ന ആദ്യ അഴിമതി കേസിൽ സിബിഐ അന്വേഷണം തുടങ്ങി. പ്രമാദമായ ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിൽ ആണ് സിബിഐ 23 വർഷത്തിന് ശേഷം അന്വേഷണം തുടങ്ങിയത്. ആദ്യഘട്ട നടപടിയെന്ന നിലയിൽ തിരുവനന്തപുരം സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. കരിമണലിനെ അസംസ്കൃത വസ്തുവാക്കി ഉൽപന്നകൾ ഉൽപാദിപ്പിക്കുന്ന കമ്പനികളെ അഴിമതിക്ക് മറയാക്കാമെന്ന ദീർഘകാല പദ്ധതിയുടെ തുടക്കമെന്ന് പറയാവുന്ന ടൈറ്റാനിയം അഴിമതിയുടെ ബാക്കിപത്രമാണ് ഇപ്പോൾ സജീവമായിരിക്കുന്ന കരിമണൽ സംഭവങ്ങൾ.
സംസ്ഥാന വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിരുന്നവർ മാത്രമാണ് ഇപ്പോൾ സിബിഐ സമർപ്പിച്ച എഫ്ഐആറിലെ പ്രതികൾ. 2023 ൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ലാവലിൻ കുടത്തിൽ കയ്യിട്ടതിൻ്റെ മധുരമോർത്ത് തൊട്ടുപിന്നാലെ ആസൂത്രണം ചെയ്ത അഴിമതി സിപിഎം ന് കുടുക്കാകും.
ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ 2000 ൽ ആണ് ട്രാവൻകൂർ ടൈറ്റാനിയം അഴിമതിയുടെ തുടക്കം. 1500 ൽ അധികം ജോലിക്കാരും 60 കോടിയോളം ലാഭവും നേടിയിരുന്ന പൊതുമേഖല സ്ഥാപനമായ ടൈറ്റാനിയം കമ്പനി ഇപ്പോൾ 360 കോടി രൂപയോളം നഷ്ടത്തിലാണ്. ജോലിക്കാരിൽ 50 ശതമാനത്തോളം പേർ പിരിഞ്ഞുകഴിഞ്ഞു. ടൈറ്റാനിയം കമ്പനിയിൽ അശാസ്ത്രീയമായി നിർമിക്കുന്ന ശുചീകരണ പ്ലാൻ്റ് പദ്ധതിയും നവീകരണത്തിനെന്ന പേരിൽ തയാറാക്കിയ ആസിഡ് റിക്കവറി പ്ലാൻ്റ് പദ്ധതിയും അഴിമതിക്ക് മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും പദ്ധതികൾ അനാവശ്യമാണെന്നതിനാൽ കമ്പനി തകരുമെന്നും ചൂണ്ടിക്കാട്ടി പരാതിയുമായി കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന സെബാസ്റ്റ്യൻ ജോർജ് ലോകായുക്തയെ സമീപിച്ചതോടെയാണ് കേസ് തുടങ്ങുന്നത്. സെബാസ്റ്റ്യൻ ജോർജിൻ്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ലോകായുക്ത പദ്ധതികൾ നടപ്പിലാക്കുന്നത് തടഞ്ഞു. എന്നാൽ കമ്പനി ഡയറക്ടർ ബോർഡിലും യൂണിയൻ നേതൃത്വത്തിലും ഉണ്ടായിരുന്ന സിപിഎം നേതാക്കളുടെ ഇടപെടലുകളെ തുടർന്ന് മാനേജ്മെൻ്റ് ഹൈക്കോടതിയെ സമീപിച്ചു. പദ്ധതികൾക്ക് അനുമതി നേടിയെടുത്തു. തുടർന്ന് റാഞ്ചി കേന്ദ്രമായ മെക്കോൺ എന്ന കൺസൾട്ടൻസിയുമായി ചേർന്ന് പദ്ധതിയുമായി മുന്നോട്ടു പോയി.
സിപിഎം ന് ഒപ്പം യുഡിഎഫ് ഘടകകക്ഷിയായ മുസ്ലീംലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗവും പദ്ധതികൾക്കായി സമ്മർദ്ദം ചെലുത്തി. ആരോപണങ്ങൾ ഉയർന്നതോടെ പിന്നീട് വന്ന മുഖ്യമന്ത്രി എ.കെ.ആൻ്റണി പദ്ധതിക്കെതിരെ നിലപാട് എടുക്കുകയും അന്വേഷണ ഉത്തരവിടുകയും ചെയ്തു. എന്നാൽ ഈ ഉത്തരവ് മന്ത്രിസഭാ കുറിപ്പിൽ രേഖപ്പെടുത്തിയതിൻ്റെ നാലാം ദിവസം എ.കെ.ആൻ്റണി രാജിവച്ചു. പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാരിന് മേലും ഹൈക്കോടതി നിർദ്ദേശത്തിൻ്റെ മറപിടിച്ച് സിഐടിയു യൂണിയനും മാനേജ്മെൻ്റും കുഞ്ഞാലിക്കുട്ടി വിഭാഗവും സമ്മർദ്ദം ശക്തമാക്കിയെങ്കിലും പദ്ധതിക്ക് അനുമതി നൽകുന്നതിന് പകരം പദ്ധതിയെപ്പറ്റി പഠിക്കാനും പ്രയോജനകമെങ്കിൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാനും വേണ്ടി 4 കോടി രൂപ വകയിരുത്തി. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ സർക്കാർ മാറുകയും വി.എസ്.അച്ചുതാനന്ദൻ മുഖ്യമന്ത്രിയായും എളമരം കരീം വ്യവസായ വകുപ്പ് മന്ത്രിയായും ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വരികയും ചെയ്തു. ഈ അവസരം ഉപയോഗിച്ച് അധികാരത്തിലെത്തി 3 മാസത്തിനുള്ളിൽ 120 കോടിയോളം രൂപയോളം ചിലവ് വരുന്ന പദ്ധതിക്ക് പൂർണ അനുമതി നൽകുകയും കസ്റ്റംസിനെ പോലും തെറ്റിധരിപ്പിച്ച് 70 കോടിയിലധികം വിലവരുന്ന ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുകയുമുണ്ടായി. എന്നാൽ 2009 ഓടെ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. ഉപകരണങ്ങൾ ഉപകാരപ്പെടാതെ ഇപ്പോഴും വെറുത്തെ ഗോഡൗണിൽ കിടന്നു തുരുമ്പെടുക്കുകയാണ്.
എന്നാൽ അഴിമതി ആരോപണവുമായി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത് വന്നതോടെ പഠനത്തിന് നിർദ്ദേശം നൽകിയ ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാനുള്ള നീക്കവുമായി സിപിഎം ആരോപണമുന്നയിച്ചു. സി ഐ ടി യു . സെക്രട്ടറിയായിരുന്ന ജയൻ എന്നൊരാൾ ഹൈക്കോടതിയെ സമീപിച്ചു. പദ്ധതിയുടെ മറവിൽ 120 കോടിയോളം നശിപ്പിക്കുകയും 100 കോടിയോളം കടത്തിലാഴ്ത്തുകയും ചെയ്തത് മുഴുവൻ വി.എസ്. സർക്കാർ ആയിരിക്കെ, അത് മറയ്ക്കാൻ നടത്തിയ നീക്കം ഫലം കാണാതെ വരുന്നതിനിടയിലാണ് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും കുടുക്കുക എന്ന ഉദ്ദേശത്തോടെ പിണറായി സർക്കാർ സിബിഐ അന്വേഷണത്തിന് നീക്കം നടത്തിയത്. എന്നാൽ കേസ് ഏറ്റെടുക്കാൻ സിബിഐ തയാറായില്ല. എന്നാൽ കഴിഞ്ഞ നവംബറിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സിബിഐ അന്വേഷണം തുടങ്ങി. ഒടുവിൽ ഫെബ്രുവരിയിൽ എഫ് ഐ ആറും ഫയൽ ചെയ്തിരിക്കുകയാണ്.
CBI comes again: This arrival to investigate the titanium scam. FIR filed. CPM into trap.